Monday, August 18, 2014

ഉത്തരങ്ങൾ



ഉത്തരങ്ങൾ എല്ലാം പഠിച്ചു
ചോദ്യക്കടലാസിലെ
ഏതു ചോദ്യത്തിനും ഇനി രക്ഷയില്ല
ഒന്നാം ക്ലാസ്സിലെയും
പത്താം ക്ലാസ്സിലെയും
പി എസ് സി യുടെയും
ചോദ്യങ്ങൾ ഇനി പരാജയപ്പെടും
ട്യൂഷനും ക്ലാസ്സും കട്ട് ചെയ്യാതെ
പഠിക്കാനുള്ളതെല്ലാം പഠിച്ചു
റാങ്കും മെഡലും കിട്ടി
നിങ്ങൾ ചോദ്യങ്ങൾ ചോദിക്കൂ
ഉത്തരം പറയാം
അതെ ചോദ്യങ്ങൾ നിങ്ങൾ ചോദിക്കണം
സില്ലബസ്സിനകത്ത് നിന്ന് മാത്രം
ആപ്പിൾ വീണാലും തേങ്ങ വീണാലും
പൂവു വീണാലും
പുതിയ ചോദ്യങ്ങൾ ചോദിക്കാൻ പറയരുതേ
കാരണം ചോദ്യങ്ങൾ ചോദിക്കുന്നവർ
ക്ലാസിനു പുറത്ത് പോകുമെന്നതുകൊണ്ട്
ഉത്തരങ്ങളേ പഠിച്ചിട്ടുള്ളൂ
അതു കൊണ്ട് ന്യൂട്ടനും കുമാരനാശാനും
പറഞ്ഞ ഉത്തരങ്ങൾ വീണ്ടും പറയാം
ഉത്തരങ്ങൾ !
ഉത്തരങ്ങൾ സർട്ടഫിക്കറ്റ് തരുന്നു
ഉത്തരങ്ങൾ ജോലി തരുന്നു
ഉത്തരങ്ങൾ പണം തരുന്നു
പുതിയ ചോദ്യങ്ങൾ ആരെങ്കിലും ചോദിച്ച്
ഉത്തരങ്ങൾ ഉണ്ടാക്കട്ടെ
ആ ഉത്തരങ്ങൾ പഠിച്ച്
ഉത്തരങ്ങളെഴുതാം
ഉത്തരങ്ങൾ മാത്രം
വിദ്യാഭ്യാസം ജയിക്കട്ടെ !

No comments: