Tuesday, December 9, 2014

നാം പൂരിപ്പിച്ച ശൂന്യത

ചുംബനം ഞങ്ങൾക്കൊരു കവിതയായിരുന്നു
ചുണ്ടുകൾ നിശ്ശബ്ദത കൊണ്ട്
സ്നേഹലിപികളിൽ
എഴുതിയതായിരുന്നു
അത് എല്ലാവർക്കും വായിക്കാനുള്ള
തെരുവ് പോസ്റ്ററിൽ ആയിരുന്നില്ല
നിനക്കുമാത്രം ആസ്വദിക്കാനുള്ള 
നമുക്കിടയിലെ നാം പൂരിപ്പിച്ച 
ശൂന്യതയിലായിരുന്നു
ആയിരുന്നു ഏന്നല്ല, ആണ്...
ആണ് എന്നു നീയെന്റെ വാക്കുകൾ തിരുത്തുന്നു
ശരിയാണ്
നമുക്കതു ജീവരാഗത്തിന്റെ
കവിതയാണ്
തെരുവിലേക്കതു വലിച്ചെറിഞ്ഞാൽ 
അതു മരിച്ചുപോയേക്കും

ചുണ്ടുകൾ

വാളല്ല സമരായുധം
വാളെല്ലാം തുരുമ്പെടുത്തു
വാളെടുക്കാനറിയുന്നവരെ
മണ്ണെടുത്തു!
വാക്കുമല്ല സമരായുധം
വാക്കെല്ലാം ചിതലെടുത്തു
വായിക്കാനറിയുന്നവരെ
ഉറക്കമെടുത്തു!
ഇനി ബാക്കിയുള്ളത്
ചുണ്ടുകൾ ...
അടഞ്ഞ ചുണ്ടുകൾ മാത്രം
അതിനാലാവുമൊരു പണിമാത്രം
സമരം മരമാകുന്നു;
വികാരരഹിതമാമുണക്കമരം!

പ്രവാസം

നിന്റെ 
കണ്ണുനനച്ച പുഴവറ്റിക്കുവാൻ
സൂര്യനാകുവാനല്ലാതെ
യൊന്നിനുമല്ലയീ പ്രവാസം
കാത്തിരിക്കുകനീ
ഈ മരുഭൂമി 
യെന്നെയുക്കിയൊരു
സൂര്യനാക്കാതെയിരിക്കില്ല!!

വേദന


..............
വേദന,
എത്ര വരച്ചാലും
പൂർത്തിയാകാത്ത 
അമൂർത്ത ചിത്രം!
ജീവിതത്തിന്റെ
ചായങ്ങളൊക്കെ
തീർന്നുപോയിട്ടും
അതു ബാക്കിയാവുന്നു.

എങ്കിലും

ഓരോ പിണക്കവു-
മെന്നെയുണക്കിയൊരു
 വേനലാക്കുന്നു
എങ്കിലും
പുതുമഴയായിണക്കമൊരുനാൾ
വരുമെന്നു ഞാൻ
തളർന്നുവീണ മണ്ണെന്റെ
 കാതിൽ മന്ത്രിക്കുന്നു

വിളി


ഉറുമ്പുകൾ വന്നുനോക്കുന്നു
ഒന്നും രണ്ടുമല്ല
കുടുംബമൊന്നാകെയുണ്ട്
വല്യമ്മയൊന്നിളകി;
വാട്ടർബെഡിൽ
പ്രളയത്തിലെന്ന പോലെ
കിടക്കുകയായിരുന്നു
ഉറുമ്പുകളുടെ ഭാഷയിൽ
വല്യമ്മ അവരെ വിളിച്ചതാണ്
ഇല്ല,
മക്കളാരും വരില്ലവർക്കു ലീവില്ല
ഉറുമ്പുകൾ എല്ലാം കേട്ട്
വല്ല്യമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.

കുളിരെന്നെ!

വൃശ്ചികരാവു കാണാൻ
കുളിരിന്റെ കൈപിടിച്ച്
കുറച്ചുനേരം മുറ്റത്തു നിന്നു
നക്ഷത്രക്കുഞ്ഞുങ്ങൾ
നോക്കി ചിരിതുടങ്ങി
ഈ കുഞ്ഞുങ്ങളുടെയൊരു കാര്യം!
നാണിച്ചിട്ടാവണം കുളിരെന്നെ
യകത്തേക്കു പിടിച്ചു വലിക്കുന്നു.

........

ജീവിതം മരുഭൂമിയായാൽ
സ്നേഹമുള്ളൊരോർമ്മ മതി
അതിന്റെ പുറത്തു കയറി
അക്കരെ കടക്കാം നമുക്ക്
ഉള്ളു കുളിർപ്പിക്കുമൊരു
തണുത്ത കാറ്റുപോലെ.

മഞ്ഞുതുള്ളി ............................


വൃശ്ചികരാവിലെത്തിയ
കുളിർസുന്ദരി
പുൽക്കൊടിത്തുമ്പിൽ
കളിക്കുവാൻ വിട്ട
മഞ്ഞുതുള്ളിക്കുഞ്ഞുങ്ങളെ
വെയിലെടുത്തു കൊണ്ടുപോകുന്നു.
പിടി മലരേ
പിടി കിളികളേ
പിടിവിടല്ലേ ചെടിയേ
പുലരിയിലക്കുഞ്ഞുങ്ങൾ തൻ
ചിരിയിലേക്കൊന്നു നടക്കണം.
വറ്റിപ്പോയ സന്തോഷക്കടലൊന്നു
നിറയ്ക്കണം.
..........

ചിന്ത ..........


ചതഞ്ഞുപോയ ചിന്തകൾ
എഴുന്നേൽക്കാനാകാതെ
ബെഞ്ചിലിരിക്കുകയാണ്
ബുൾഡോസറിനെക്കാളും
കനമുള്ള സിലബസ്സ്
വീണ്ടും മുതുകിലുടെ ഉരുളുന്നു
അതു കാണാതെ പഠിച്ച്
വന്നിരിക്കുന്ന ഒരാളുണ്ട്
അയാളുടെ ഓരോ വാക്കും
ഓരോ കല്ലാണ്
ഓരോ വേദനയാണ്
ചിന്ത
പഴയ വാക്കുകളേറ്റ്
കൊല്ലപ്പെടുന്നു
മറ്റാരുടേയോ ചിന്തകൊണ്ട്
അതിനെ ദഹിപ്പിക്കുന്നു
എഴുന്നേൽക്കാൻ
വിചാരിക്കുമ്പോഴേക്ക്
അത് ശവക്കുഴിയിലേക്ക്
താണു പോകുന്നു
ഇനി പരീക്ഷ എളുപ്പത്തിൽ
പാസ്സാകും
ഉത്തരങ്ങൾ എളുപ്പത്തിൽ
എഴുതാം
കാരണം ചോദ്യങ്ങളെ
ചോദ്യം ചെയ്യുന്ന വിദ്യ മറന്നുപോയി

ഒരേപോലെ

ഒരിക്കൽ കൊഴിയുമെന്നതു
കൊണ്ടാണ് ഓർമ്മകൾ
പൂക്കാലമാകുന്നത്;
ഒരിക്കലും കണ്ടുമുട്ടാത്ത
രണ്ടു ദേശത്തിലെ
വസന്തമാകുന്നത്;
അതിൽ പരിചയമുള്ള
പൂക്കളിലേക്ക് ഞാനും നീയും
ഒരേപോലെ പറക്കുന്നത്

ഡിസംബർ! ...........................


എന്തൊരു തണുപ്പ്!
ഒരു വെയിലെടുത്തു 
പുതയ്ക്കാൻ തോന്നുന്നു
പക്ഷേ
എന്തുചെയ്യും ?
വെയിലെടുത്ത്
അലക്കിയിട്ടിരിക്കുന്നു
ഡിസംബർ!

പൗണ്ണമിപ്പെൺകിളി

അടയിരുന്നു രാത്രി
വിരിയിച്ച പുത്രി
പൗണ്ണമിപ്പെൺകിളി
നിലാവുടുത്തു 
പറന്നെന്നെ
കടക്കണ്ണെറിഞ്ഞു
കളിപ്പിച്ചു മറഞ്ഞൂ,
പ്രഭാതക്കടലിൻ
തിരകളിലെങ്ങോ!

അവൾ ...................................


കിനാവിന്റെ ഒരു മുടിയിഴ
അവളുടെ പുസ്തകത്തിലുണ്ട്
എത്ര ഗാഢമായാരവളെ
ഉറക്കിയാലും
അവളതെടുത്തു നോക്കും.
വിവാഹ നിശ്ചയത്തിന്റെ
അന്നാണ് അവൾ
സ്വപ്നത്തിന്റെ വീട്ടിൽ പോയത്
വിവാഹം വരെ അവളവിടെ
ഇളംകാറ്റായിരുന്നു
ഏതോ ഒരു കിനാവ്
ആരുമറിയാതെ
അവൾക്കു കൊടുത്ത ആ മുടിയിഴ
ആരുമറിയാതെ അവളിന്നും
എടുത്തു നോക്കും
ചിരിക്കും ചിന്തിക്കും.
എന്നിട്ട്
അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്നും
തനിക്കുമാത്രമുള്ള ഒരു കിനാവ്
ഒരുമുടിയിഴ പോലും തന്നില്ലല്ലോ എന്ന് വെറുതെ
വെറും വെറുതെ വിചാരിക്കും

വഴി

നിന്നിൽ നിന്നെന്നിലേക്കൊരു വഴി 
പൂവിന് സുഗന്ധത്തിലേക്കുള്ള വഴി 
കാറ്റിനു തിരച്ചിറകിലേക്കുള്ള വഴി 
കടലിനു കണ്ണിലേക്കുള്ള വഴി 
നിലാവിന് മനസ്സിലേക്കുള്ള വഴി 
നിഴലിനു വെളിച്ചത്തിലേക്കുള്ള വഴി

Monday, November 17, 2014

ഭൂഗർഭമേ ഒന്നടങ്ങിയിരിക്കൂ


ഇപ്പോൾ മനസ്സിലായി
അക്ഷരത്തെറ്റിന്റെ കാരണം

വാക്കിന്റെ 
നട്ടെല്ലു തകർന്നതിൻ കാരണം
എനിക്കു വരിതെറ്റിയതിൻ കാരണം

പക്ഷികളേ 
മീനുകളേ
 കാറ്റുകളേ

ഞാൻ നിങ്ങളെഴുതിയ വേദപുസ്തകം തുറക്കുന്നു
തിരുത്തി
പുതിയ നിയമമെഴുതാതെ
ഭൂഗർഭമേ  ഒന്നടങ്ങിയിരിക്കൂ
ഞാനിതൊന്നു വായിക്കട്ടെ !

-ജനനം-




നിന്റെ ചിരിയിൽ
എന്റെ
നിലാവ് ജനിച്ചു

വയസ്സറിയിച്ചപ്പോൾ
വയസ്സറിഞ്ഞു
കുട്ടിക്കളി 
വിടപറഞ്ഞു

നിന്റെ നിലവിളിയിൽ
എന്റെ നിലാവു മരിച്ചു

ജീവിതത്തെ ആഴത്തിലെറിയുന്ന മഹാസമുദ്രം


എല്ലാ  കണക്കുകളും തെറ്റുമ്പോൾ
ജീവിതത്തിന്റെ തർജ്ജമ തെറ്റുമ്പോൾ
ജീവന്റെ വരിതെറ്റുമ്പോൾ
ഭ്രാന്തനെ പോലെ ചിരിക്കാതെ
ഞാൻ നിന്നെ വായിക്കുന്നു

ജന സാഗരത്തിൽനിന്ന് 
.
അത് ഞാൻ വസിക്കുന്ന സാഗരം ;
കണക്കിൽ പെട്ടിട്ടും
കഞ്ഞികിട്ടാത്തവരുടെ ഒരു കടൽ

സുനാമിയാകുവാൻ ശക്തിയുണ്ടായിട്ടും
കുഞ്ഞോളമായിപ്പോയവരുടെ സമുദ്രം;

കടച്ചുഴികൾ  ചുഴിഞ്ഞു പിടിച്ച്
ജീവിതത്തെ 
ആഴത്തിലെറിയുന്ന  മഹാസമുദ്രം

കണ്ണാടിയിൽ


കാണും പടിയല്ല 
കണ്ണാടിയിൽ ഞാനും നീയും 

കണ്ണാടി കാണിക്കും പടിയാണ്
കാമുകനെപോലെ.


ഉള്ളറിയാത്തത്
ഉള്ളിലൊന്നുമില്ലാത്തതു കൊണ്ടാണ് 

കണ്ണാടി കാണുന്ന 
കാമുകിയെപോലെ.
കാമുകനെപോലെ