Tuesday, October 14, 2014

തിരക്കിട്ടു പോകുന്നേരം

തിരക്കിട്ടു പോകുന്നേരം
തൊട്ടാവാടിയും തൊടരിമുള്ളും
പിടിച്ചു വെച്ചു

ഓരോ മുള്ളിനും കൈകൊടുത്ത്
കുറെ നേരമവിടെ നിന്നു

സത്യത്തിൽ
അവരവിടെയുള്ളത്
ഞാൻ മറന്നിരുന്നു

പിടിച്ചു വെച്ചില്ലായിരുന്നെങ്കിൽ
കാണാതെ പോയേനെ !

തിരക്കിട്ടുപോയ കാര്യം
നടന്നില്ലെങ്കിലുമിപ്പോൾ
മനസ്സിനൊരു പച്ചപ്പുണ്ട്.

നിശ്ശബ്ദത പേടിച്ച ഒരു കിളിയാണ്

നിശ്ശബ്ദത
പേടിച്ച ഒരു കിളിയാണ്

നിസ്സഹായതയോടെ
നമുക്ക് മുന്നിലിരുന്ന്
അത് കണ്ണുകളിലേക്കു നോക്കും

ആദ്യ പ്രണയത്തിന്റെ പേടി
അതിന്റെ കണ്ണുകളിൽ നിന്നും
നമുക്കിടയിലേക്ക് ഇറങ്ങി വരും

അപ്പോൾ നാം അതിനെ ഓർത്ത്
സങ്കടപ്പെടും

കുറേനേരം കരയും

എന്നിട്ട് നാം കണ്ണു തുടച്ച്
പറന്നു പോകും

നമ്മുടെ മുറിയിൽ
കാത്തിരിക്കുന്ന ഏകാന്തതയിലേക്ക് .

നിശ്ശബ്ദത
അവിടെയും പറന്നിറങ്ങും
വാതിലിൽ വന്യമായ കാറ്റ് മുട്ടുവോളം

അവർ തൂവിയ നിറങ്ങളില്ലായിരുന്നെങ്കിൽ

പൂവു പോലെ
പൂമ്പാറ്റയെ പോലെ
മഴത്തുള്ളി പോലെ
തളിരില പോലെ
നമ്മുടെ അടുത്ത് കുറേനേരം നിന്ന്‌
ഓർമ്മയിൽ നിന്നു പോലും
വേദനയോടെ ഇറങ്ങിപ്പോകുന്ന
ചിലരുണ്ട്
അവർ തൂവിയ

 നിറങ്ങളില്ലായിരുന്നെങ്കിൽ
നാമെങ്ങനെ
അവ വാരിപ്പൂശി 

പൂവായും പൂമ്പാറ്റയായും
വേഷം കെട്ടും ?

വാക്കിലൊളിച്ച മീനുകൾ



വാക്കിലൊളിച്ച മീനുകൾ
കടലെന്നെഴുതുമ്പോൾ
തിര മുറിച്ചു പായുന്നു .
പുഴയെന്നെഴുതുമ്പോൾ ഒഴുക്കിലൊരു
മിന്നലായവ തെളിയുന്നു .
മഴയെന്നെഴുതുമ്പോൾ
വയലിലവ നീന്തുന്നു .
പേനയൊരു തുഴയാവുന്നു .
കടലാസിൻ നീലവരകളിൽ തിരകളിളകുന്നു.

നിന്നെക്കാണുവാൻ

നഗരഹൃദയത്തിലൊരു ഫ്ളാറ്റിൽ
 ഉള്ളിലൊഴുകുമോർമ്മപ്പുഴയിൽ നീന്തി
ഗ്രാമമുത്തുകൾ വാരി

മാലകോർത്തു കഴിഞ്ഞവൾ
വന്നിരിക്കുന്നു
ഗ്രാമമേ ,

മഴകൊണ്ടു പനിച്ചു
പച്ചപുതച്ചു കിടക്കുന്ന
നിന്നെക്കാണുവാൻ.

കാണുവാൻമാത്രം .

അവളിലില്ല,
നിനക്കേകുവാൻ
നീനിറഞ്ഞ ഹൃദയമല്ലാതെ
മറ്റൊന്നും.

ഒറ്റയാകില്ലൊരിക്കലും


...................................
ഒറ്റയാകില്ലൊരിക്കലും നാം
ഓർമ്മകൾ നമ്മെ ചേർത്തുപിടിച്ചും
 കരഞ്ഞും
ചിരിച്ചും
ഒരുവേള
നമ്മെയിക്കിളിയാക്കിയും
കൂടെ നടക്കുമ്പോൾ

ഒറ്റയാവില്ല നാം
പ്രിയമുള്ളൊരാൾ
അരികിലില്ലെങ്കിലും
അകലെയൊരാനന്ദമായ്
ഒരു തുള്ളിവെളിച്ചമായ്
ഒരപൂർവ്വ താരകമായുദിക്കുമ്പോൾ

ഒറ്റയാകില്ല നാം
പണ്ടുനാം കണ്ണിൽ സൂക്ഷിച്ച
കൗതുക പ്രണയ പുഷ്പങ്ങൾ
നമ്മെ വിടർത്തിയൊരു
 പൂമരമാക്കുമ്പോൾ

ഒറ്റയ്ക്കാവില്ല നാം
പേരറിയാത്തൊരു കാറ്റ്
നിന്റെ വിരലെന്നപോലെന്നെയും
എന്റെ വിരലെന്നപോൽ നിന്നെയും
തൊട്ടു തൊട്ടിരിക്കുമ്പോൾ!

മഹാമാന്ത്രികനാണു മരം

വീഴുമ്പോൾ
പിടികിട്ടാത്ത തുള്ളികളെ
വേരുകൾ കൊണ്ടെടുത്ത്
ഇലകളിലൂടെ
പറത്തി വിടുന്ന
മഹാമാന്ത്രികനാണു മരം

പ്രണയം കൊണ്ട്

വെട്ടി
തെങ്ങിൻ തടത്തിലിട്ടിട്ടും
അത് മരിച്ചു പോയില്ല ;
മുളച്ചു വന്നു പൂവീട്ടു .
അത്രമേൽ പ്രണയമതിനുള്ളത്
ആരുമറിഞ്ഞില്ല
അതിരിൽ നോക്കി നോക്കി നിന്ന്
പ്രണയം കൊണ്ട്
അതിന്റെ കണ്ണ് ചുവന്നുപോയതും
ആരും കണ്ടില്ല .
ഭ്രാന്തിനൊപ്പം
അതിനെ ചേർത്തു പറഞ്ഞു.
ഒരു പരിഭവവുമില്ലാതെ
 അതെല്ലാം കേട്ടുനിന്നു.
ഭ്രാന്തോ പ്രണയമോ
അതിനിത്രയും ശക്തി നൽകിയത്?

ഇഷ്ടത്തിന്റെ നിറം

ഇഷ്ടമുള്ളവരെ കാണുമ്പോൾ
ഇഷ്ടത്തിന്റെ നിറം
കവിളിലേക്കോടി വരും
കുഞ്ഞായാലും കുട്ടിയായാലും
കുട്ട്യേടത്തിയായാലും
അറിയാതെയപ്പോൾ പുവിടും

ഇഷ്ടത്തിന്റെ ഇഷ്ടമന്നേരം
അദൃശ്യമായ്
എത്രയും ലളിതമായ്
ഇഷ്ടമുള്ളവരിൽ നിന്നും ഇഷ്ടമുള്ളവരിലേക്ക്
ഒരു പൂക്കാലം കൈമാറും

പെയ്യാതിരിക്കുന്നതെങ്ങനെ ?

നിനക്കു വയ്യാതിരിക്കുമ്പോൾ
പെയ്യാതിരിക്കുന്നതെങ്ങനെ ?
നിന്റെ ചൂടേറ്റതിൽ പിന്നെയകലെ
നനുത്ത മേഘമായിരിക്കിലും!

ജീവിതമിപ്പോഴും ...

ജീവിതമിപ്പോഴും
ആ പഴയവീണ തന്നെ
സ്നേഹത്തിന്റെ വിരലുകൾ
കൊണ്ടല്ലാതെ അതുമീട്ടുവാൻ
സാദ്ധ്യമല്ല

അതെടുക്കുവാൻ
സ്്നേഹം വിരലുകളാവണം
അതിനടുത്തിരിക്കുവാൻ
സ്നേഹം ഉടലുമാവണം
അങ്ങനെയുള്ളവർക്കരികിലൂടെ-
യൊന്നു നടന്നാൽ മതി
താളമില്ലെന്നു പറഞ്ഞു
നാം കരഞ്ഞു കലക്കിയ
ജീവിതമൊരു
മാന്ത്രിക രാഗമാകാൻ.