Sunday, August 10, 2014

കുഞ്ഞുങ്ങൾ
(ഗദ്യ കവിത)
                                                   മുനീർ അഗ്രഗാമി
..............................................................................

ബെല്ലടിക്കും മുൻപേ സ്ക്കൂളിലെത്തുന്നവർ
ചിരിച്ചു പഠിക്കുന്നവർ
കളിച്ചു ജീവി ക്കുന്നവർ
ബോംബെന്ന് പറയാനറിയാത്തവർ
ഷെൽ എന്നെഴുതാനറിയാത്തവർ
തോക്കു കണ്ടാൽ നിലവിളിക്കുന്നവർ
പീരങ്കി കണ്ടിട്ടേയില്ലാത്തവർ
എട്ടര മണിയ്ക്ക്  മുമ്പേയുറങ്ങുന്നവർ
നമ്മുടെ കുഞ്ഞുങ്ങൾ

സ്കൂളിൽ ബെല്ലടിച്ചിട്ടും വരാനാവാതെ
വഴിയിലെവിടെയോ   വീണുപോയവർ
വന്നവരുടെ അടുത്തിരിക്കുന്ന
തേങ്ങുന്ന ശൂന്യതയായവർ
മാതാവിന്റെ കയ്യിൽ
അനാഥമായ താരാട്ടായ്
ചലനമറ്റവർ
കളിക്കിടയിൽ നിന്നും
കൌതുകം മാറും മുൻപേ
പിതാവിന്റെ  കണ്ണീരായവർ
ഉറങ്ങിയാൽ ഉണരുമോ എന്നറിയാത്തവർ
ചിത്രങ്ങളിൽ നിറഞ്ഞു
നമ്മുടെ കണ്ണ് നിറയ്ക്കുന്നവർ
ഗാസയിലെ കുഞ്ഞുങ്ങൾ

'ഏതു തടവറയിലും കുഞ്ഞുങ്ങൾ സ്വതന്ത്രർ'
എന്തെന്നാൽ തടവറ എന്തെന്നവർക്കറിയില്ല
ഏതു നാട്ടിലേയും കുഞ്ഞുങ്ങൾ നമ്മുടേത്
എന്തെന്നാൽ നാടിന്റെ അതിരുകൾ
എന്തെന്ന്  അവർക്കറിയില്ല
എല്ലായുദ്ധവും ജീവിതമറിയും മുൻപേ
അവരെ കൊണ്ടു പോകുന്നു

എല്ലാ തർക്കങ്ങളും
ചിരി മായും മുമ്പേ അവരെ കരയിക്കുന്നു
അതുകൊണ്ട് അവരെന്നും
നമ്മുടെ കണ്ണീരിൽ തിളങ്ങുന്നവർ
ലോകത്തെ ഒരേ വേദനകൊണ്ട് ഒന്നിപ്പിക്കുന്നവർ
മരണം കൊണ്ട്  നഷ്ടപ്പെട്ട സമാധാനം
ഒലീവിലയുമായ് ഒരുനാൾ പറന്നു വരുമെന്ന്
നമ്മെ മോഹിപ്പിക്കുന്നവർ

ഗാസയിലെ കുഞ്ഞുങ്ങൾ
നമ്മുടെ കുഞ്ഞുങ്ങൾ.

No comments: