Monday, November 23, 2015

വന്യം


വന്യം
........
കാട്ടിലൊറ്റപ്പെട്ട മനുഷ്യൻ
കാടിൻ്റെ വന്യത പിടികൂടിയാലും
രക്ഷപ്പെടാം
നാട്ടിലൊറ്റപ്പെട്ട കടുവ
നാടിൻ്റെ നന്മയിൽ
പെട്ടു മരണപ്പെടാം
കാടിൻ്റെ നന്മയെ കുറിച്ചവൻ
എന്നും വാചാലനാവും
നാടിൻ്റെ വന്യതയെ കുറിച്ച്
തോക്കുകളും .

Friday, November 20, 2015

പ്രണയം ഒരു അബ്സ്ട്രാക്റ്റ് ചിത്രം



നിന്നെ പിരിഞ്ഞതിൽ പിന്നെ
കാൻവാസിൽ നീ
തിളച്ചുമറിയുന്ന കടലായ്
വേദനകൾ നിറങ്ങളിൽ ചാലിച്ച്
പനിച്ചു നിൽക്കും നിമിഷങ്ങളുടെ
ചുഴികളായ്
നടക്കാതെ പോയ സംഗമങ്ങൾ
നിറങ്ങൾ തമ്മിൽ
ഇണ ചേരുന്ന സന്ധ്യയിൽ
കിളികളായ് വന്നിരിക്കുന്നു
ദൂരെ അകന്നു പോകുമൊരു കപ്പലിൽ
കടൽ കടന്നു പോയ നിൻ്റെ നിലവിളിയുടെ
നരച്ച കറുപ്പ്
കടൽത്തിരകളിൽ
നമ്മെത്താരാട്ടുന്ന
അനശ്വര സിംഫണി
കാൻവാസിൽ നിന്നതെന്നെ തൊടുവാൻ
പുറത്തിറങ്ങുന്നു
മങ്ങിയ വെളിച്ചത്തിൽ
നീയെന്ന പോലതിൻ താളമെൻ
മടിയിലിരിക്കുന്നു
അകലേയ്ക്കകലേക്ക്
പറക്കുന്ന കിളികളിൽ
അടുത്തേക്കടുത്തേക്ക്
നടക്കുന്ന കാഴ്ചകൾ
നാം നടന്നതിൻ വെളിച്ചത്തിൽ
നിറഞ്ഞാടുന്ന നിറങ്ങളിൽ
നീയും ഞാനും
നമുക്കു പരിചിതമാം തിരക്കും
തിരയും
വരച്ചു കൊണ്ടേയിരിക്കുന്നു
പ്രണയത്തിൻ്റെ
അബ്സ്ട്രാക്റ്റ് ചിത്രം