Thursday, September 25, 2014

തടവറ

നിലവിളികൾപോലുമനാഥമാകുന്ന
തടവറ നിർമ്മിക്കുവാനീ വഴിവന്ന
ഭീകരജീവിയാണു യുദ്ധം

വേദനകൾ കൊണ്ടുള്ള  
അദൃശ്യമായ ചുമരുകളിൽ
അത് മരിച്ചവരുടെ ചിത്രങ്ങൾ
കാരുണ്യമില്ലാതെ  തൂക്കിയിടും

പുറത്തലയുമ്പോൾ
കത്തിപ്പോയ കൊടികളിൽ
തൊട്ടുനോക്കുവാൻ വന്ന  കാറ്റിനുപോലും
കൊടിയേന്തിയവന്റെ
രാജ്യത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത
ഒരിടത്തല്ലാതെ അത് തടവറ പണിയില്ല

ഒരു രാജ്യത്തിന്റെ വിസ്തൃതിയിൽ നിന്നും
അതിരു പൊളിച്ച് അത് വളരുന്നു

ഒരിക്കൽ തടവറയിലായാൽ
നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ
പ്രകാശത്തിൽ നടന്ന ഒരു കാലം മാത്രം
സന്തോഷതാരകമായി വിദൂരതയിൽ ഉദിക്കും

അതിലേക്കു പറന്നു പോകുന്നത്
സ്വപ്നം കണ്ട് അവശേഷിക്കുന്ന
പച്ചപ്പ് മെല്ലെ തലനീട്ടും

തടവറ പൊളിക്കുവാൻ
ഒരു വേരെങ്കിലും
മുതിരുമെന്നൊരുൾവിളിയാൽ !

Tuesday, September 16, 2014

ഏകാന്തത

പതുക്കെ പോവുന്ന
ഓർമ്മയുടെ പുറത്ത്
സവാരി ചെയ്യുന്ന മണൽപരപ്പാണ് ഏകാന്തത

എല്ലാം വറ്റിപ്പോയെന്നും
എല്ലാം ഉണങ്ങിപ്പോയെന്നും
തോന്നാൻ തുടങ്ങിയാൽ
വെറുതെയൊന്നാശ്വസിക്കാൻ
അവിടെ ഒരു മരീചിക പോലും
ഉണ്ടാവില്ല;
ഓർമ്മയുടെ വാഹനമാല്ലാതെ
ഒന്നും അവിടെ നിന്നും
രക്ഷപ്പെടുത്തില്ല.


Saturday, September 13, 2014

ഇലയുടെ ഞരമ്പുകളിൽ

എന്റെ ഓർമ്മയിൽ
വീണു കിടക്കുന്ന
ഇലയുടെ
ഞരമ്പുകളിൽ
നിന്റെ രക്തം

കാറ്റെത്ര ആട്ടിയകറ്റാൻ
ശ്രമിച്ചിട്ടും
എന്റെ തണലിൽ,
എന്റെ നിഴലിൽ,
പച്ചപ്പു പോയ ഇലകൾ
വിറയ്ക്കുന്നു
പിടയ്ക്കുന്നു

എന്റെ മരമേ
എന്റെ മരമേ
എന്ന് ഇലകൾ
വിതുമ്പുന്നു

അതിന്റെ ഉള്ളിൽ നിന്നും
ഓർമ്മയുടെ ഞരമ്പുകളിൽ
വീണു മരമേ മരമേ
എന്നു നീയും !

സങ്കടം ഒരു കടമാണ്

സങ്കടം ഒരു കടമാണ്.

സന്തോഷം തീരുമ്പോൾ
അവശേഷിക്കുന്ന ശൂന്യത
വിരസതയോടു വാങ്ങി
നമുക്ക് തരുന്നത് .

സന്തോഷത്തിനു പകരം വെക്കാനാവാത്ത
ഒരിക്കലും തിരിച്ചേൽപ്പി ക്കാനാകാത്ത
നിത്യ കടം !

എല്ലാ വയലും നികന്നാൽ
അരി മുഴുവനും  തീർന്നാൽ
റബ്ബർ തിന്നാൻ പറ്റില്ലെന്ന്
ശരിക്കു മനസ്സിലാക്കുമ്പോൾ
മാത്രമേ നമുക്കത് മനസ്സിലാകൂ 

Wednesday, September 10, 2014

അണു കുടുംബം


ചൂടാവാതെ
തിളച്ചു മറിയുന്ന
ജീവിതം, കടൽ
ചൂടാറാതെ
തണുത്തു പെയ്യുന്ന
മഴ, ഉടൽ
ചുവടുതെറ്റിയിട്ടും
വീഴാതെ മുന്നേറുന്ന
കാറ്റ് ,മകൾ
ചുവടു തെറ്റാതെ
വീണു തകർന്ന
മാമ്പഴം ,മകൻ
എല്ലാം കണ്ടിട്ടും
കാഴ്ചയില്ലാതെ
രാത്രിയാവുന്നു അച്ഛൻ
ഒന്നും കാണാതെ
അലമാരയിലെ
സ്വർണ്ണമായി,അമ്മ

Wednesday, September 3, 2014

ഒരു വിരഹകവിത ...............................................


വേദനയുടെ ചാലുകളിൽ
മുമ്പെങ്ങോ തകർത്തൊഴുകിയ
മലവെള്ളപ്പാച്ചിലിന്റെ ഓർമ്മ
നിന്നിൽ
ആഴത്തിൽ ഇപ്പോഴും
വേരുകളിറക്കുന്നു

അതുകൊണ്ടാണ്
സന്തോഷം   പൂച്ചക്കുട്ടിയുടെ
കാലുകളിൽ നടക്കാൻ
തുടങ്ങിയപ്പോൾ
കുത്തൊഴുക്കിന്റെ
ശക്തിയിൽ   ഒഴുകിപ്പോയത്

പൂച്ചയായും
പൂവായും
പൂനിലാവായും
ഞാനിനിയും വരും

പക്ഷേ
നിന്നിലെ ഒഴുക്കിന്റെ  ഓർമ്മ!

അതെന്നെ
നീ
വിചാരി ച്ചതിനു മപ്പുറത്തേക്ക്
ഒരു പാറക്കല്ലിനെയെന്നപോലെ
ഉരുട്ടുന്നു .

വേദന ഞാനുമറിയുന്നു
ഉരുണ്ടുരുണ്ട്
മിനുത്തു മിനുത്ത് .

Tuesday, September 2, 2014

മഴമകളോട് മഴയച്ഛൻ ....................................................


മകളേ
വെയിൽ നടക്കും വഴിയേ
പോകരുതെന്ന്
മഴമകളോട് മഴയച്ഛൻ.

അച്ഛൻ പറഞ്ഞു തീരും മുമ്പവളാവഴി പോയി
പുഴയാകും മുമ്പുണങ്ങിപ്പോയി.

മഴയച്ഛൻ തോരാതൊരു
പെരുമഴയായി
മകളുടെ കുഴിമാടത്തിൽ നിറഞ്ഞു,

''മകളേ ,
മഴയെന്നാൽ
മണ്ണും മനസ്സും കുളിർപ്പിച്ചൊരു പെയ്യലാണ്

അല്ലാതെ
നീ കരുതിയ പോലെ
ഉടലിളക്കിയൊരു കാറ്റിനൊപ്പം
സ്വയമറിയാതുള്ള വീഴലല്ല!
................................................................
**********************************മുനീർ അഗ്രഗാമി ************

Monday, September 1, 2014

മഴ വരയ്ക്കുന്നു

വരച്ച ചിത്രങ്ങളിൽ
മതിവരാതെ
വീണ്ടും വീണ്ടും മഴ
ബ്രഷ് ചലിപ്പിക്കുന്നു

മണ്ണിൽ ചായങ്ങൾ ഇളക്കിയെടുത്ത്
പിക്കാസോയും ദാലിയും
വാൻഗോഗും രവിവർമ്മയും
വരയ്ക്കാൻ ശ്രമിച്ച്
പരാജയപ്പെട്ട വേദനകൾ
മഴ വരയ്ക്കുന്നു

ഞാനും നീയും
മുരിങ്ങ മരവും
മാവിൻ തൈകളും
വീണ്ടും വീണ്ടും തെളിയുന്നു

രാവും പകലുമതു നോക്കി നിൽക്കുമ്പോൾ
തളിരിലകളും മിന്നാമിനുങ്ങും
വരാൽ കുഞ്ഞുങ്ങളും
അതു കാണാൻ വരും

അന്നേരം കുടചൂടി പ്പോകുന്ന
അരസികനായ ഒരാൾ
വീശുന്ന വലയിൽ
കുടുങ്ങി ചിത്രം കീറും

എന്നാലും മഴ വീണ്ടും വീണ്ടും വരയ്ക്കും