പൂമ്പാറ്റ
അവളുടെ പ്രതീകമായപ്പോൾ
ചെമ്പരത്തിപ്പൂ പറഞ്ഞു,
ഞാൻ നിന്റെ പ്രതീകമാകാം
എനിക്കു മുള്ളില്ല
നിനക്കും മുള്ളില്ല
റോസിനെക്കാളും
ചുവപ്പിന്നാണ് ഹൃദയത്തിനോട്
കൂടുതൽ അടുപ്പം.
അവൾ വരട്ടെ
എവിടെ വേണമെങ്കിലുമിരിക്കട്ടെ
ചിറകുകളിൽ ആഹ്ലാദം തിരയടിക്കട്ടെ!
പക്ഷേ
ചിറകു മുറിഞ്ഞിട്ടും
അവൾ റോസാപ്പൂവിലേക്ക് പറന്നു
എനിക്കു കരച്ചിൽ വന്നു.
അപ്പോൾ ചെമ്പരത്തി പറഞ്ഞു,
പൂന്തോട്ടം തടവറയാണെന്ന്
തിരിച്ചറിയുമ്പോഴേ
പാർശ്വ വൽക്കരിക്കപ്പെട്ട
നമ്മുടെ ചുവപ്പിന്റെ സ്വാതന്ത്ര്യം
അവളുടെ ഹൃദയത്തിൽ വിടരൂ
അതുവരെ നമുക്ക്
പൂന്തോട്ടമില്ലാതെ പൂക്കാലമുണ്ടാക്കാം
എനിക്കൊന്നും മനസ്സിലായില്ല
ഞാൻ വീണ്ടും കരഞ്ഞു
അന്നേരം ഞാൻ ചെമ്പരുത്തിയുടെ
പ്രതീകമായി വിടർന്നുപോയി
No comments:
Post a Comment