ഉരുകും മുമ്പൊരു മണൽത്തരി
അതിന്റെ
ഓർമ്മയിൽ നിന്നും
ഒരു പുഴ പുറത്തെടുത്തു
പുഴ അതിന്റെ ഓർമ്മയിൽ നിന്നും
ഒരു മഴ
പുറത്തെടുത്തു
മഴ അതിന്റെ ഓർമ്മയിൽ നിന്നും
മഴനനഞ്ഞ
പകലുകൾ നിവർത്തി
അന്നേരം
രണ്ടു തുള്ളികൾ ഇറ്റിവീണു
ഒന്നു ഞാൻ
ഒന്നു നീ
നമ്മുടെ ഓർമ്മയിൽ
നാട്ടുവെളിച്ചം പരന്ന നാട്ടുവഴി
അതിന്റെ ഓർമ്മയിൽ
നാം വീണുപടർന്ന വയൽ
വരമ്പ്
No comments:
Post a Comment